ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പുത്തന്‍ചിറയുടെ നാമകരണവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും വായ്മൊഴികളും നിലവിലുണ്ട്. പുത്തന്‍ചിറയുടെ സമീപപ്രദേശമായ കൊടുങ്ങല്ലൂര്‍, പുരാതനകാലം മുതലേ വിദേശവ്യാപരബന്ധമുള്ള തുറമുഖപട്ടണമായിരുന്നു. ഇന്ന് കൊടുങ്ങല്ലൂര്‍ എന്നറിയപ്പെടുന്ന ഈ ദേശം, മുമ്പ് മഹാദേവര്‍പട്ടണം, മാല്യങ്കര, മുസിരീസ്സ്, മുസിരിക്കോട്, തിരുവഞ്ചിക്കുളം എന്നിങ്ങനെയുള്ള വിവിധപേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ പുത്തന്ചിറയുള്പ്പെട്ട പ്രദേശത്തെ മഹാദേവര്‍പട്ടണം എന്നാണ് പറഞ്ഞിരുന്നത്. 2-ാം നൂറ്റാണ്ടിലോ, 3-ാം നൂറ്റാണ്ടിലോ പെരുമാക്കന്മാര് കൃഷിയുടെ സൌകര്യത്തിനായി വിശേഷരീതിയില്‍ ഇവിടെ ഒരു ചിറ പണി കഴിപ്പിച്ചു. അന്നു മുതല്‍ക്ക് മഹാദേവര്‍ പട്ടണമെന്ന സാമാന്യമായ പേരു മാറി ഈ പ്രദേശത്തിന് പുത്തന്‍ചിറ എന്നു പേരുണ്ടായി. ചേരമാന്‍ പെരുമാള്‍ പുത്തന്‍ (പഴയകാലത്തെ നാണയം) വിതറി ചിറ കെട്ടേണ്ട സ്ഥലം കാണിച്ചുകൊടുത്തുവെന്നും അന്നു മുതല്‍ ആ ചിറയുടെ അടുത്തുള്ള പ്രദേശങ്ങള്‍ക്ക് പുത്തന്‍ചിറ എന്ന പേര് സിദ്ധിച്ചുവെന്നും പറയപ്പെടുന്നുണ്ട്.ചരിത്രാതീതകാലം മുതല്‍ തന്നെ ഈ പ്രദേശത്തിന് ഈ പേര് സിദ്ധിച്ചിരുന്നതായി ചരിത്രരേഖകളില്‍ കാണുന്നുണ്ട്. പുത്തന്‍ചിറ വില്ലേജിന്റെ തെക്കേ അതിര്‍ത്തിയില്‍ ഉപ്പുവെള്ളം കയറാതിരിക്കുന്നതിനു ഒരു കരിങ്കല്‍ചിറ നിര്‍മ്മിച്ചുവെന്നും (കരിങ്ങാച്ചിറ), അതിന്റെ വടക്കുളള ഭൂവിഭാഗത്തെ പുത്തന്‍ചിറ എന്നു വിളിച്ചുവെന്നും ന്യായമായി അനുമാനിക്കാം. വളരെ പഴക്കമുള്ള ആധാരത്തില്‍ മഹാദേവര്പട്ടണത്തില്പ്പെട്ട പുത്തന്ചിറയെന്നു ഈ പ്രദേശത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒമ്പതാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ചേരസാമ്രാജ്യം ചിന്നഭിന്നമായതോടെ ചെറിയ പ്രദേശങ്ങള്‍ പ്രാദേശികഭരണാധികാരികളുടെ ആധിപത്യത്തിന്‍കീഴിലായി. അതിന്റെ ഭാഗമായി മഹാദേവര്പട്ടണവും പുത്തന്ചിറയുമെല്ലാം കൊടുങ്ങല്ലൂര്‍ രാജാക്കന്മാരുടെ ഭരണത്തിലായി. കോഴിക്കോട് സാമൂതിരിയുടെ രാജ്യാതിര്‍ത്തി തെക്കോട്ടു വ്യാപിച്ചപ്പോള്‍ കൊടുങ്ങല്ലൂരും സമീപപ്രദേശമായ പുത്തന്‍ചിറയും സാമൂതിരിയുടെ രാജ്യാതിര്ത്തിയില്പ്പെട്ടു. 18-ാം നൂറ്റാണ്ടില്‍ കൊച്ചിരാജാവ് സാമൂതിരിയുടെ രാജ്യത്തില്‍പ്പെട്ട തെക്കന്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്തിയപ്പോള്‍ പുത്തന്‍ചിറ കൊച്ചിരാജ്യത്തില്‍ ലയിച്ചു. ക്രിസ്തുവര്‍ഷം 1761-ല്‍ സാമൂതിരിപ്പാട് കൊച്ചിയെ ആക്രമിച്ചു. കൊച്ചിരാജാവ് സാമൂതിരിയെ നേരിടുന്നതിന് തിരുവിതാംകൂറിന്റെ സഹായം അപേക്ഷിക്കുകയാല്‍ അവര്‍ തമ്മില്‍ ഒരു ഉടമ്പടി ഉണ്ടാക്കുകയും അതുപ്രകാരം കൊച്ചിയുടെ വക ആലങ്ങാട്, പറവൂര്‍ എന്നീ സ്ഥലങ്ങള്‍ തിരുവിതാംകൂറിന് വിട്ടുകൊടുക്കുകയും ചെയ്തു. തിരുവിതാംകൂര്‍ ദിവാന് അയ്യപ്പന് മാര്‍ത്താണ്ഡപിള്ള സാമൂതിരിയെ തോല്‍പ്പിക്കുകയും വിജയത്തില്‍ സന്തുഷ്ടനായ കൊച്ചീരാജാവ് പുത്തന്‍ചിറ അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. ദിവാന് ഈ സ്ഥലം തിരുവിതാംകൂര്‍ മഹാരാജാവിനു സമര്‍പ്പിക്കുകയും ചെയ്തു. അന്നുമുതല്‍ തിരുകൊച്ചി സംയോജനം നടന്ന 1949 വരെ കൊച്ചിയാല്‍ ചുറ്റപ്പെട്ടു കിടന്നിരുന്ന ഏക തിരുവിതാംകൂര്‍ വില്ലേജായിരുന്നു പുത്തന്‍ചിറ. പിന്നീട് തിരു-കൊച്ചി സംയോജനത്തെ തുടര്‍ന്ന് പുത്തന്‍ചിറ തൃശ്ശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കില്‍ പെടുന്ന ഒരു വില്ലേജായി തുടര്‍ന്നുവന്നു. 1761-ല്‍ ഫലഭൂയിഷ്ഠമായ ഈ പ്രദേശം തിരുവിതാംകൂറിനു ലഭിച്ചതു മുതല്‍ 1949 വരെ ഇവിടെ നിന്ന് ലഭിക്കാവുന്ന കരവും മറ്റും തിരുവിതാംകൂര്‍, അതിന്റെ ഉദ്യോഗസ്ഥരെകൊണ്ട് പിരിച്ചുകൊണ്ടുപോയിരുന്നതല്ലാതെ യാതൊരു വികസനവും ഇവിടെയില്ലായിരുന്നു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ട കാലഘട്ടത്തില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കുക എന്ന മുദ്രവാക്യമുയര്‍ത്തി ദേശീയപ്രസ്ഥാനവും കര്‍ഷകസംഘങ്ങളും യോജിച്ച് ദേശവ്യാപകമായി പ്രക്ഷോഭണങ്ങള്‍ സംഘടിപ്പിച്ചു. 1940-41 കാലഘട്ടത്തില്‍ ഇരിങ്ങാലക്കുടയില്‍ വച്ചുണ്ടായ ഭക്ഷ്യോല്പ്പാദനമഹാസമ്മേളനത്തിന്റെ ആവേശമുള്‍ക്കൊണ്ടുകൊണ്ട് അതില്‍ പങ്കെടുത്ത കര്‍ഷകസംഘാംഗങ്ങള്‍ പുത്തന്‍ച്ചിറ മാണിയംകാവ് പ്രദേശത്തെ തരിശായി കിടന്നിരുന്ന സ്ഥലത്ത് പ്രവേശിച്ച് കപ്പ തുടങ്ങിയവ കൃഷി ചെയ്തു. അന്നത്തെ കാലഘട്ടത്തില്‍ ഈ പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ സംഭവമായിരുന്നു. 1940-നു ശേഷമുള്ള കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് അതിന്റെ പ്രാദേശികഘടകങ്ങള്‍ രൂപീകരിച്ച് ഈ കര്‍ഷകഗ്രാമത്തെ സ്വാതന്ത്ര്യസമര പരിപാടികളില്‍ ഭാഗാഭാക്കാക്കി. 1947-ല്‍ സ്വാതന്ത്യസമരപ്രഖ്യാപനത്തോടെ തന്നെ ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി നാട്ടുരാജ്യങ്ങളുടെ അതിര്‍ത്തി ഇല്ലാതാക്കി. ക്ഷേത്രപ്രവേശനവിളംബരം ഉണ്ടായപ്പോള്‍ അതിനെ സ്വാഗതം ചെയ്തുകൊണ്ട് ഈ പഞ്ചായത്തില്‍ മഹായോഗങ്ങള്‍ നടന്നിട്ടുണ്ട്. ജാതിവിരുദ്ധപ്രക്ഷോഭത്തിന്റെ ഭാഗമായി തൃചക്രപുരം ക്ഷേത്രക്കുളത്തില്‍ അവര്‍ണ്ണരെയും അധഃസ്ഥിതരെയും കൊണ്ടുപോയി കൂട്ടസ്നാനം നടത്തിയ സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. പുത്തന്‍ചിറ പഞ്ചായത്തിലെ മൊത്തം ജനസംഖ്യയുടെ 64% ആളുകള്‍ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടു ജീവിതം നയിക്കുന്നവരാണ്. ഭൂപരിഷ്കരണം നടപ്പിലാവുന്നതിനു മുന്‍പ് വന്‍കിട ഭൂവുടമകളായിരുന്നു കൃഷിഭൂമി കൈവശംവച്ചിരുന്നത്. ഭൂപരിഷ്കരണനിയമം നടപ്പിലായതിനുശേഷം, കൃഷിഭൂമി തുണ്ടുകളായി സാധാരണക്കാരുടെ കൈകളില്‍ എത്തിയതിനാല്‍ പരിമിതകര്‍ഷകരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. 98% ആളുകളും ഒരു ഹെക്ടറില്‍ താഴെ മാത്രം കൈവശഭൂമിയുള്ളവരാണ്. തിരുവിതാംകൂറില്‍ ഉള്‍പ്പെട്ടതും എന്നാല്‍ കൊച്ചിയാല്‍ ചുറ്റപ്പെട്ടും കിടന്നിരുന്ന ഈ പ്രദേശത്ത് വേണ്ട ശ്രദ്ധ പതിപ്പിക്കുന്നതിന് രാജഭരണകാലത്ത് കഴിയാതിരുന്നതുകൊണ്ട് എല്ലാ മേഖലകളിലും എന്നതുപോലെ വിദ്യാഭ്യാസസൌകര്യങ്ങളുടെ കാര്യത്തിലും ഈ ഗ്രാമം പിന്നിലായിരുന്നു.22.29 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തില്‍ മുന്‍പ് ഒരു എല്‍.പി.സ്കൂള്‍ മാത്രമാണുണ്ടായിരുന്നത്. 1951-ല്‍ പഞ്ചായത്തില്‍ ഒരു യു.പി സ്കൂളും 1966-ല്‍ ഒരു ഹൈസ്കൂളും ആരംഭിക്കുകയുണ്ടായി. സ്വാതന്ത്ര്യസമ്പാദനത്തിനു മുന്‍പു രാജഭരണകാലത്ത് ഗ്രാമപഞ്ചായത്തില്‍ ഒരു ഗ്രാമീണവായനശാല പ്രവര്‍ത്തിച്ചിരുന്നു. ഗ്രന്ഥശാലകള്ക്കുപുറമെ പഞ്ചായത്തില്‍ 36 കലാ-കായിക ക്ളബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 300-ല്‍ പരം അന്തേവാസികള്‍ കഴിയുന്ന ഒരു ആതുരാലയം ഈ പഞ്ചായത്തില്‍ 3-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. പുത്തന്‍ചിറ പഞ്ചായത്തില്‍ ജാതി-മത വര്‍ഗ്ഗഭേദമന്യേ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷിച്ചുവരുന്നു. പുത്തന്‍ചിറയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന പാറമേല്‍ തൃക്കോവില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇവയില്‍ പ്രധാനപ്പെട്ടതാണ്. തൃപ്പേക്കുളം ശിവക്ഷേത്രം, പകരപ്പിള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, കൊമ്പത്തുകടവ് ഭഗവതിക്ഷേത്രം എന്നീ ആരാധനാലയങ്ങളും പ്രാധാന്യമര്‍ഹിക്കുന്നവയാണ്. കേരളത്തിലെ അപൂര്‍വ്വം ത്രിചക്രപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണത്രെ പുത്തന്‍ചിറ ത്രിചക്രപുര ക്ഷേത്രം. ഈ ക്ഷേത്രത്തിന് പുത്തന്‍ചിറയുടെ ചരിത്രപശ്ചാത്തലവുമായി ഇഴപിരിക്കാന്പറ്റാത്ത ബന്ധമുണ്ട്. മാണിയംകാവ് ക്ഷേത്രോത്സവവും ജനങ്ങള്‍ പ്രധാന്യത്തോടെ ആഘോഷിക്കുന്നതാണ്. തൃശൂര്‍ രൂപതയിലെ പുരാതനദേവാലയങ്ങളില് ഒന്നാണ് പുത്തന്‍ചിറ ഫെറോനപള്ളി. ഇവിടത്തെ അമ്പുതിരുന്നാളും ചിങ്ങം 5-ലെ പുത്തിരി തിരുനാളും പ്രധാന ആഘോഷങ്ങളാണ്. പുരാതനമുസ്ളീംദേവാലയങ്ങളില് വളരെ പ്രധാന്യമര്‍ഹിക്കുന്നത് മാണിയങ്കാവ് പരിസരത്തുള്ള (പടിഞ്ഞാറെ മഹല്‍) വലിയപള്ളിയും, കരിങ്ങാചിറ പരിസരത്തുള്ള വലിയപള്ളിയുമാണ്.